Sunday, September 6, 2009

പെയി(ന്‍)ന്റിംഗ്‌

ചില
ആള്‍ക്കാര്‍
പൊടുങ്ങനെ ഒരു ദിവസം
തങ്ങള്‍
ചിത്രകാരന്മാരോ,
ചിത്രകാരികളോ
ആണെന്നഹങ്കരിച്ച്,
സുഹൃത്തുക്കളുടെ
ഹൃദയത്തില്‍
'അതൊരു കാന്‍വാസല്ലേ..'
എന്നു നിസാരം പറഞ്ഞ്
നൈഫു കൊണ്ട്
എഴുതിക്കളയും.
-സാക്ഷാല്‍ക്കാരം തന്നെ അത്!
പക്ഷേ,
വേദന
വരയുന്നതാണ്
ആ രചന.

Saturday, April 25, 2009

ഞായറാഴ്ച

നമ്മളെപ്പോലെ തന്നെ
ഞായറിനും അറിയാം
ഇന്നൊരു
അവധിദിവസമാണെന്ന കാര്യം.
നോക്കൂ,
പത്തുമണി കഴിഞ്ഞിട്ടും
സൂര്യനെ ഭൂമിയിലേക്ക്
ഗേറ്റു കടത്തി വിടാതെ
മഴ വര്‍ഷിപ്പിയ്ക്കുന്നത്.
അയയിലെ തുണികള്‍
ഈര്‍പ്പം കളയാതെ
സൂക്ഷിക്കുന്നത്.
പത്രക്കാരന്‍ പയ്യനെ
പാതിവഴിയില്‍ വെച്ച്
കള്ളക്കുഴിയില്‍ വീഴ്ത്തുന്നത്.
എന്തിന്-
നിങ്ങളെ
തൊടുകപോലും ചെയ്യാ‍തെ
വീണ്ടും വീണ്ടും
ഉറക്കിയിടുന്നത്.

Thursday, April 23, 2009

കാത്തിരിക്കുന്നവര്‍

പ്രണയിക്കാനായി
ബസ് സ്റ്റോപ്പിലേക്ക്
വേഗത്തില്‍ പോകുന്ന
യുവാക്കളോട്
ഈ കുന്നിന്റെ കഥ
പറഞ്ഞാല്‍ കേള്‍ക്കുമോ?

ബസ്സ് കിട്ടാതെ
അവര്‍ മണിക്കൂറുകളോളം
ഇരിക്കുമ്പോഴും
നൂറ്റാണ്ടുകളായുള്ള
ഈ കുന്നിരിപ്പു കാണുമോ?

അവര്‍ക്ക്
എന്തെങ്കിലും
തടയുമോ?

Friday, January 23, 2009

മിസ്ഡ് കോള്‍

ഒരു ദിവസം
നിശബ്ദനായാല്‍
എത്രപേര്‍ക്ക് നമ്മെ വേണം
എന്നറിയാന്‍
എളുപ്പമാര്‍ഗ്ഗം കേള്‍ക്കണോ?
മൊബൈല്‍ ഫോണ്‍
മേശപ്പുറത്ത്
ഒന്നുമറിയാത്തപോലെ
മറന്ന്
വേഗം
ഓഫീസിലേക്ക് പുറപ്പെടൂ
വൈകീട്ടു വരുമ്പോള്‍
കൊച്ചുപെട്ടിയില്‍
21 മിസ്ഡ് കോളുകള്‍
തുടിയ്ക്കുന്ന മെസ്സേജുകള്‍.
ഒരു ദിവസം
21 പേര്‍ക്കു നിങ്ങളെ
വേണ്ടിയിരുന്നു എന്ന കാര്യം
തരുന്നില്ലേ
21 സന്തോഷങ്ങള്‍.
ഇനി
ഒരു മിസ്ഡ് കോള്‍ പോലും
വന്നില്ലെന്നായാല്‍?
വേദനിക്കരുതേ, ഒട്ടും.
നിങ്ങളെ സങ്കടപ്പെടുത്താതിരിയ്ക്കാന്‍
ദീര്‍ഘദര്‍ശികളായ കൂട്ടുകാര്‍
ഒന്നു കളിച്ചതാണ്.
- ഒരു മിസ്ഡ് കോള്‍
കൊണ്ടു പോലും പോറാതെ.‍

ചില നേരങ്ങളില്‍

വിരലുകള്‍
കണ്ണുകളായും
കണ്ണുകള്‍
വിരലുകളായും
വേഷമാറ്റം ചെയ്യുന്ന
നേരങ്ങള്‍ കണ്ടിട്ടുണ്ടോ?
വിരല്‍ കൊണ്ട്
നിന്റെ ചുണ്ടുകള്‍ തൊടുമ്പോള്‍
അധരത്തിലെ
പ്രണയം കാണുകയാണു ഞാന്‍.
കണ്ണുകള്‍ കൊണ്ട്
നിന്റെ ഉടല്‍ തൊടുമ്പോള്‍
പൂവിടുന്ന ഒരു മരമാണു ഞാന്‍.
ഇല കായ്ക്കുന്ന
ഒരു കാടാണു ഞാന്‍.

എസ് എം എസ്

കര്‍സര്‍ കൊണ്ട്
എഴുതിയ
ചുംബനം

മെസ്സേജായ്
നിന്നെ
വന്നു thodunnu.
മെസ്സേജ് box
തുറന്നു വെക്കണേ,
നീ പരിധിയില്‍
thanne
കാത്തുനില്‍ക്കണേ.

ഉടല്‍ ജനാധിപത്യം

വെളുക്കുന്നതിനും
നേരം തുടുക്കുന്നതിനും
മുന്‍പ്
കുതറുന്നതുപോലെ
ഒരു ശബ്ദം
പായുന്നതു കേട്ടു.
ക്ഷണം
എണീറ്റതിനാല്‍
കണ്ണാടിയില്‍ തന്നെ
പിടിയ്ക്കാന്‍ പറ്റി.
‘കുപ്പായമേ
നിന്റെ ഉടല്‍
എങ്ങോട്ടു പോയ്’
എന്ന എരിവിടലിന്
പേടിയോടെ കാത്തുനില്‍പ്പാണ്
ഇപ്പോള്‍.

നേരമ്പോക്ക്

ആകാശത്തു നിന്നും
ഓര്‍ക്കാപ്പുറത്ത്
ചിലത്
ഉല്‍ക്കകള്‍ ‍പോലെ
പതിച്ചാ‍ല്‍
ദേഷ്യപ്പെടല്ലേ, സുഹൃത്തേ
തടാകക്കരയിലിരുന്ന്
ബോറടിച്ച് ബോറടിച്ചു പോകുമ്പോള്‍
ജലത്തിലേക്കു നാം
കല്ലെറിഞ്ഞുടയ്ക്കും പോലെ,
അശാന്തമായ
ഈ നില്‍പ്പിനിടയ്ക്ക്
ആകാശത്തിനും കാണില്ലേ
ഭൂമിയ്ക്കു നേരെ
ചില നേരമ്പോക്കുകള്‍.

ദുരന്തത്തെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ്

ദയവു ചെയ്ത്
ഒരാല്‍ബത്തില്‍ പോലും
പൊട്ടുപോല്‍
പോയിപ്പെടല്ലേ.

പാസ്സ്പോര്‍ട്ട് തലപോലുമായി
മുങ്ങിനിവരല്ലേ അതില്‍
നിങ്ങളുടെ ജീവിതം
ഒരാഘോഷമാണെന്ന്
തെറ്റിദ്ധരിച്ചുകളയും
പാവപ്പെട്ട ഈ കാഴ്ചക്കാര്‍.

മാജിക്കല്‍ റിയലിസം

മൌനമേ നീയൊന്നും
മിണ്ടല്ലേ മിണ്ടല്ലേ
പ്രണയത്തിന്റെ മാജിക്ക്

തകര്‍ക്കല്ലേ..
പ്ലീസ്..